ഓസ്റ്റിയോ ആർത്രൈറ്റിസ്

 

മലയാളo

 

ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഇനം. ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഈ അസുഖം ബാധിക്കാം. കൈപ്പത്തി, കാൽപ്പാദം, നടുവ്, ഇടുപ്പ്, കാൽമുട്ട് എന്നീ ഭാഗങ്ങളൊക്കെ ബാധിതമായേക്കാം. ശരീര ചലനങ്ങളിൽ നിന്ന് സന്ധിക്കുണ്ടാകുന്ന ഉരവും തേയ്മാനവും കാരണമാണ് പ്രധാനമായി ഈ അസുഖമുണ്ടാകുന്നത്. പരിക്കുകാരണവും ഈ അസുഖമുണ്ടാകാം. തരുണാസ്ഥി നഷ്ടത്തിൽ നിന്നാണ് ഈ അസുഖത്തിന്റെ തുടക്കം. അന്തിമമായി സന്ധിക്കിരുവശവുമുള്ള അസ്ഥികൾ പരസ്പരം ഉരസാൻ തുടങ്ങും. നടക്കുമ്പോഴുള്ള ചെറിയ വേദനയാണ് ആദ്യ ലക്ഷണം. പിന്നെപ്പിന്നെ വേദന ദിവസം മുഴുവൻ (രാത്രിയിൽ ഉറക്കത്തിലും) ഉണ്ടാവുകയും ചെയ്യും. ദൈനം ദിന പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് വേദന അന്തിമമായി രോഗിയെ തടയും. ഭാരം താങ്ങുന്ന സന്ധികളിലാണ് സാധാരണ ഈ അസുഖം ബാധിക്കുന്നത്. പ്രായമായവർക്ക് അസുഖം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

ഈ അസുഖം (റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെപ്പോലെ) സുഖപ്പെടുത്താനാവില്ല. രോഗം മൂർച്ഛിക്കുന്നത് തടയാൻ ചികിത്സ കൊണ്ട് സാദ്ധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താനുള്ള ചികിത്സ സഹായകരമാണ്. വേദനയ്ക്കുള്ള മരുന്നുകൾ സാധാരണഗതിയിൽ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും. തുടർച്ചയായ വേദനയുള്ള തരത്തിൽ രോഗം മൂർച്ഛിച്ചവർക്ക് ശസ്ത്രക്രിയ വേണ്ടിവന്നേയ്ക്കാം. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പലർക്കും ഫലപ്രദമാണ്.